Monday, May 20, 2019

വയനാട്. നിസാർ കതിരൂർ

മഞ്ഞിൻകണങ്ങൾ പെയ്തിറങ്ങുന്ന വയനാടൻ ചുരം...!!

തണുത്തുറഞ്ഞ  പ്രകൃതി ആരെയോ കാത്തിരിക്കുന്നപോലെഅസ്വസ്ഥതവതിയായി. വേർപാടിന്റെ വേദനയെന്നോണം...കണ്ണീർ പൊഴിക്കും പോലെ ചാറ്റൽ മഴ....

സന്ധ്യയാവാൻ ഇനിയും വൈകും...പക്ഷെ...ഇപ്പൊഴെ..ഇരുട്ട് പടരാൻ തുടങ്ങിരിക്കുന്നു...

ഇരു വശത്തും ഇടതൂർന്ന് നിൽക്കുന്ന വടവൃക്ഷങ്ങൾ..!! കറുത്തിരുണ്ട പൊട്ടിപ്പപൊളിഞ്ഞ റൊഡിൽ ഞാനും പൾസർ ബൈക്കിന്റെ
ശബ്ദവും മാത്രം ..

വേഗത മുപ്പത് നാല്പ്പതിൽ ..
മുന്നോട്ട്..

കോട മഞ്ഞ് വീഴ്ച തുടങ്ങിയിരുന്നു ...ആനകൾ ഇറങ്ങിയാലും..കാണാൻ പറ്റാത്ത അവസ്ഥ യാണ് കോട വീഴ്ച..

ഈ സമയത്താണത്രെ കാട്ടാനകൾ ഇറങ്ങുന്നത്...ഉള്ളില്‍ അല്പം ഭയം എന്നെ ..തളർത്തുന്നുണ്ടായിരുന്നു...

ഇറങ്ങിപുറപ്പെട്ട സമയം ഓർത്ത് ..ഞാൻ സ്വയം ..വിഷണ്ണനായി...!
ആരോടും പറഞ്ഞില്ല..

പറയാഞ്ഞിട്ടല്ല..ആരേയും അറിയിക്കാനാഗ്രഹമില്ലായിരുന്നു.

ഈ യാത്രയെ കുറിച്ച്...മൂന്നര മണി കഴിഞ്ഞാണ്..അവൾ എന്നെ വിളിച്ചത്...എന്നെ ഉടനെ കാണണമെന്ന്...കാരണം ചോദിച്ചിട്ടും പറഞ്ഞില്ല..

".കാണണം..ഇന്ന് തന്നെ..."

തിരിച്ച് വിളിച്ചിട്ട് കിട്ടിയില്ല..പിന്നെ ഒന്നും ഓർത്തില്ല..നല്ല വെയിലുണ്ടായിരുന്നു..കോളയാട് കഴിഞ്ഞു ..കുറെ മുന്നൊട്ട് പോയപ്പോഴാണ് മഴചാറിതുടങ്ങിയത്....ഇടക്കിടെ ശക്തമായും..

പേരറിയാത്ത ഒരു മരത്തിന്‍റെ കീഴെ വണ്ടി ഓഫ് ചെയ്ത്..നനഞ്ഞ് കുതിർന്ന് പേക്കറ്റിൽ നിന്നും ഒരു സിഗരററ് എടുത്ത് കത്തിച്ചു..

ഫോണെടുത്ത് വീട്ടിലേക്ക് വിളിക്കാനായി നോക്കിയപ്പോൾ..എന്നൊട് ചോദിക്കാതെ..ഡിസ്പ്ലെ മൊത്തം വെള്ളം കയറിയിരിക്കുന്നു..ഉടൻ ഓഫാകുകയും ചെയ്തു..

അല്പം കൂടെ മുന്നോട്ട് പോയാൽ പേരിയ ടൌൺ എത്തും..

ഇരുട്ടായിരിക്കുന്നു..ഒരു കെ എസ് ആർ ടിസി..കിതച്ച് കൊണ്ട് കയറിവരുന്നു..
മറ്റ് വാഹനങ്ങളോ.വഴി യാത്രക്കാരോ ഇല്ല..!!

തികച്ചും വിജനമായ സ്ഥലം...എവിടെയോ സൂക്ഷിച്ച് വച്ച ധൈര്യം..ചോരും പോലെ..വല്ല കള്ളൻ മാരും?..അതൊക്കെ നേരിടാം..ഇനി വല്ല പ്രേത പിശാചുക്കൾ..വന്നാലോ.?

ഉള്ളൊന്ന് പിടഞ്ഞു..കാലിൽ നിന്ന് ഒരു വിറയൽ മുകളിലേക്ക് കയറി..പക്ഷെ...അവളെ കാണാനുള്ള പരിശ്രമത്തിനിടയിൽ എന്ത് നടന്നാലും വിഷയമല്ല..

അവൾ..!!
ഫാമിത...!!!.

അവളെ അങ്ങിനെ തള്ളാൻ കഴിയില്ലല്ലൊ..!!അതല്ലേ..മുൻപിൻ നോക്കാതെ ഇറങ്ങി പുറപ്പെട്ടത്..

അടുത്ത സിഗരററും വലിച്ച് തീർന്ന്..വണ്ടിയിൽ കയറി..സ്റ്റാർട്ടാവുന്നില്ല.

കംപ്ലൈന്റൊന്നുമുണ്ടായിരുന്നില്ല..സെൽഫടിച്ച് മടുത്തപ്പൊ കിക്കറിൽ ആഞ്ഞ് ചവിട്ടി..

ഹെഡ് ലൈറ്റ് ചെറുതായിട്ടൊന്ന് മിന്നി..ചെറിയവെട്ടത്തിൽ..കുറച്ചകലായി..എന്താണ് കണ്ടത്..??

ഒന്നൂടെ ചവിട്ടി..സ്ററാർട്ടാകാനല്ല..ചെറുവെട്ടത്തിൽ കണ്ടത് എന്താണെന്ന് വ്യക്തത വരുത്താനായിരുന്നു.

ഒരാൾ നടന്നു വരുന്നുണ്ട്..ഇരുട്ടിൽ.. തൊട്ടരികിലായി...പക്ഷെ...അയാൾ ഷർട്ട് ധരിച്ചിരുന്നില്ല..!!!

വണ്ടിക്ക് നേരെയാണ് അയാളുടെ നടത്തം.!!.ഇരുട്ടിൽ കാണില്ല...തീർച്ചയായും.
അയൾ വണ്ടിയിലിടിക്കും..

പണ്ടാരം സ്റ്റാർട്ടാവുന്നുമില്ല...!!
അയാളുടെ തോളിലെന്തോ തൂങ്ങുന്നുണ്ടായിരുന്നൊ..?

ഇനിയും സ്റ്റാർട്ട് ചെയ്ത് നോക്കാൻ ധൈര്യം പോര..എട്ടാം ക്ലാസ്സിലെ "മാർത്ഥാണ്ഡ വർമ്മ" എന്ന പാഠപുസ്ഥകത്തിലെ ഭ്രാന്തൻ ചേന്നാനെയാണ് ഓർമ്മ വന്നത്..

അയ്യൊ...ഇനി ഭ്രാന്തനാണോ...ഒരുൾക്കിടിലം...!!കരണ്ടേറ്റത് പോലെ ഉള്ളിലാകെ ഒരു വിറയൽ..

പടച്ചോനെ..എല്ലാം ഇവിടെ തീർന്നോ...??ആശന്കാപരമായ അനിർവ്വചനീയമായ ചുറ്റ് പാടിലും...മറ്റൊരു നഗ്ന സത്യം ഞാൻ തിരിച്ചറിഞ്ഞു...

"ധൃതിയലിറങ്ങി പുറപ്പെട്ടപ്പൊ..പെട്രോളടിച്ചില്ല...!!

അതായിരിക്കും സ്റ്റാർട്ടാവത്തത്...നടുക്കം അവിടം കൊണ്ട് തീർന്നില്ല...!!

ഒരു ശ്വാസ്വോച്ഛാസം തൊട്ടടുത്ത് നിന്ന്...എന്റെ മുഖത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ..ഞാൻ താഴെ വീഴുമോ എന്ന് ഭയന്നു...അയാളൊന്ന് തള്ളിയാൽ അഗാധമായ കൊക്കയിലേക്ക് പതിക്കും...!!.

മനസ്സ് പതറുന്നു..എന്ത് ചെയ്യും..അയാൾ നീങ്ങുന്നുമില്ല എന്ന് മനസ്സിലാക്കിയപ്പൊ..ഹൃദയമിടിപ്പിന്റെ ശബ്ദം കാതിൽ മുഴങ്ങാൻ തുടങ്ങി...!!

രണ്ടും കൽപ്പിച്ച് ഞാൻ ലൈറ്ററെടുത്ത് കത്തിച്ചു പിടിച്ചു..

ഹൊ..പേടിച്ച് വിറച്ച് പോയി..ജഡ പുടിച്ച മുടിയും ..കറപിടിച്ച പല്ലുകളും...!! അയാൾ ഇരയെ കണ്ട കടുവയെ പോലെ..എന്നെ നോക്കുന്നു..

മെലിഞ്ഞ ശരീരം...കുളിക്കാഞ്ഞിട്ടാവാം മഴ നനഞ്ഞിട്ടും അയാളുടെ ദേഹത്ത് എണ്ണമയം പോലെ വെള്ളം കിടക്കുന്നു...

എന്ത് ചെയ്യണമെന്നറിയാതെ പകച്ചു...അയാൾ പോകാൻ ഭാവമില്ല..!!
അയാളെങ്ങാനും ..എന്റെ കഴുത്തിന് പിടിച്ചാൽ...രക്ഷയില്ല.

എതിർക്കാനുള്ളശക്തിയൊക്കെ ഭയത്താൽ അസ്ഥമിച്ചിരിക്കുന്നു...ഞാൻ രണ്ടും കൽപ്പിച്ച്..ഒരുസിഗരറ്റെടുത്തയാൾക്ക് നേരെ നീട്ടി...

എന്നെ ഞെട്ടിച്ച് കൊണ്ട്...അയാൾ മാറാപ്പിൽ നിന്നും ഒരു ബീഡി എടുത്തു...ഒരടി പോലും നീങ്ങാതെ...നിന്നനിൽപ്പാണ് ടിയാൻ...!!

അവസാന പിടിവള്ളിയും നഷ്ടപ്പെട്ടു..ഇനി എന്ത്..??

നനഞ്ഞ ഒരു പത്ത് രുപ നോട്ട് ഞാനയാൾക്ക് നേരെ നീട്ടി..ഒരു ശ്രമവും കുടെ പരാചയപ്പെട്ടു...

അയാളത് വാങ്ങിയില്ല...എന്റെ ബോധംപോകുമെന്ന് തോന്നി...പേടിച്ച് ഹൃദയം തകരുമോ എന്ന് ഭയന്ന നിമിഷങ്ങൾ...!!

ഒന്നിൽ പിഴച്ചാൽ മൂന്നെന്നപോലെ..ഞാൻ കത്തിച്ച ലൈറ്റർ അയാൾക്ക് നേരെ നീട്ടി..

അദ്ഭുതം ..!!
ബീഡി ചുണ്ടിൽ വച്ച് അയാളെന്നോട് സഹകരിച്ചു...എന്തോ ഭയം കുറെശ്ശെയായി എന്നിൽ നിന്നകന്നു...

ആശ്വാസം പൂണ്ട നിമിഷങ്ങളിൽ എന്നെക്കുറിച്ച് എനിക്ക് തന്നെ അഭിമാനം തോന്നി..!!!

അയാൾ ബീഡി ആഞ്ഞ്.. വലിക്കുന്നുണ്ടായിരുന്നു
സാഹചര്യം പകർന്ന് കിട്ടിയ ധൈര്യത്തിൽ..ഒന്നൂടെ കിക്കറടിച്ചു...

വണ്ടി സ്റ്റാർട്ടായി...അല്പം ആക്സിലേറ്റർ റൈസ് ചെയ്തപ്പോൾ തന്നെ..അയാൾ ഭയചികതനായി..മാറി നിന്നു..

ഞാൻ അവിടെ നിന്ന് തടിയൂരി...പേരിയ ടൌൺ എത്തും മുന്പേ ..വീണ്ടും വണ്ടി പണിമുടക്കി...!

വെളിച്ചമുളളത് കൊണ്ടും ഇറക്കമായതിനാലും ടൌൺ വരെ...ഒരുവിധം ഞാനെത്തി..

ഇനി അഷ്റഫിന്റെ വീട്ടിലേക്ക്.!!..നനഞ്ഞ് കുതിർന്ന വസ്ത്രം.!!
ഷൂസാകെ വെള്ളം നിറഞ്ഞിരിക്കുന്നു..
വണ്ടി പള്ളിയുടെ മുന്നിലൊതുക്കി..ബസ് ഷെൽട്ടറിന് പുറകിലുള്ള റോഡിലൂടെ നടന്നു..

നടക്കാൻ ബുദ്ധിമുട്ടണെന്കിലും എന്നെ കാത്തിരിക്കുന്ന..ഫാമിതാൻറെ മുഖമോർത്തപ്പോൾ...നടത്തത്തിന് അറിയാതെ വേഗമേറി....!!

റോഡിൽ നിന്ന് മാറി കനാലിന്റ ...അരികിലൂടെ...ചളിനിറഞ്ഞ പാതയിലൂടെ ..തണുത്ത് വിറച്ച് ഞാൻ നടന്നു...

ഓടിട്ട ചെറിയ വീടിന് മുന്നിൽ ..ഞാൻ നിന്നു..മങ്ങിയ വെളിച്ചത്തില്‍ ..
തുറന്നിട്ട വാതിലുകൾക്കിടയിലൂടെ...അവളെന്നെ കണ്ടു...!

കാത്തിരിക്കുകയായിരുന്നു അവൾ..ഇപ്പോൾ മണി ഏഴ്...അവളുടെ  പുഞ്ചിരിയിൽ ..വഴിയിലുണ്ടായ എല്ലാ വിഷമങ്ങളും ഞാൻ മറന്നു..!!ഓടി  വന്ന് എന്നെ കെട്ടിപ്പിടിച്ചു....

പന്ത്രണ്ട് വയസ്സുള്ള ഫാമിത അഷ്റഫിന്റെ ...ഏക
മകൾ...വയസ്സുണ്ടെന്കിലും അഞ്ചു വയസ്സിൻറെ വളർച്ചയേ ഉള്ളൂ...

നാളെ അവളെ മൈസൂരിലുള്ള ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള സ്പെഷ്യൽ ഫിസിയോ തെറാപ്പി ചികിലത്സ ലഭ്യമായ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയാണ്..

ഒരു മാസം കഴിഞ്ഞേ വരൂ...
ലക്ഷങ്ങള്‍ ചിലവാകും...ഞാൻ അഷ്റഫിന്റെ മുഖത്തേക്ക് നോക്കി..വല്ലാതെ മെലിഞ്ഞിരിക്കുന്നു!!

രണ്ട് വർഷം മുൻപ്..കുടകിൽ വച്ചാണ് അവനെ ഞാൻ കണ്ട് മുട്ടുന്നത്..ഒന്നു രണ്ട് തവണ ഇവിടെ വന്നിട്ടുണ്ടായിരുന്നു...
"അവൾ ഒന്നും കഴിച്ചില്ല....",അഷ്റഫ് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി...

"ഇക്കാക്കാന്റെ കൂടെ തിന്നാനാ..."

അവളുടെ നിഷ്കളന്കമായ മൊഴിയിൽ...അവൾക്കായി ഒന്നും വാങ്ങിച്ചില്ലല്ലൊ എന്ന കുറ്റബോധം എന്നെ അലട്ടി..!!അവൾക്ക് അവളുടെ ഉമ്മ ഷഹനാസ് കൊണ്ട് കൊടുത്തത്..ബ്രഡ്ഡും ചായയും..എന്റെ മനസ്സ് നീറി..ഉടനെ ഞാൻ പുറത്തിറങ്ങി..!!

അടുത്തുളള ബെയ്കറിയിൽ നിന്നും ഷവർമ്മയും..പലഹാരങ്ങളും അവൾക്കിഷ്ഠ പ്പെട്ട കേക്കും വാങ്ങി..രാത്രി ഒൻപത് മണി വരെ അവിടെ ഞാൻ നിന്നു..!!!

തിരിച്ച് പോകണം എന്ന് പറഞ്ഞപ്പോൾ അവർ ഒരു പാട് നിർബ്ബന്ധിച്ചു..എന്റെ കൈ ചേർത്ത് പിടിച്ചുറങ്ങുന്ന ഫാമിതയെ ഞാൻ നോക്കി ഇരുന്നു.."എന്തെന്കിലും നിന്റെ കൈയ്യിലുണ്ടോ??"

ഞാൻ അഷ്റഫിനെ നോക്കി ചോദിച്ചു..നിറകണ്ണുകളോടെ അവൻ ഷഹനാസിനെ നോക്കി...അവൾ എന്നെയും...അൻപത് രൂപ തികച്ചെടുക്കാനില്ല എന്നെനിക്ക് തോന്നി..

ഫോണാണെന്കിൽ ഓണാകുന്നുമില്ല.."പേടിക്കണ്ട..പുറപ്പെടാനുള്ള വണ്ടി ഞാൻ ഏർപ്പാടാക്കാം..പിന്നെ നാളെ നിന്നെ വിളിച്ച് മൈസൂരിലെ മൂന്ന് പേരുടെ നംബർ തരാം..

അവരവിടെവരും
ഒക്കെ അവര് നോക്കിക്കോളും..നാളെ ഉച്ചക്ക് പുറപ്പെട്ടോളൂ... ഡ്രൈവര്‍ കുട്ടനെ രാവിലെ ഞാനയക്കാം..

ഇറങ്ങുംബൊ അവനെന്റെ കൈ പിടിച്ചു..

"എന്റെ മോളെ..പടച്ചോൻ രക്ഷിക്കില്ലെ.."
ഇട നെഞ്ച് തകർക്കുന്ന ചോദ്യം.."

ഉറപ്പ് ..!!

എനിക്കുറപ്പുണ്ട്.. അവൾ തിരിച്ച് വരും മറ്റ് കുട്ടികളെ പോലെ..."

കൈയ്യിലുണ്ടായിരുന്ന കുറച്ച് പണം ഞാനവനെ ഏൽപ്പിച്ചു. !!

മൈസൂരിലുള്ള ഇസ്മായിൽ ബായിരണ്ട് ലക്ഷം രൂപ കൊണ്ടുതരും..ഒന്നും പെടിക്കണ്ട..ഞാൻ ഒരാഴ്ച കഴിഞ്ഞു മൈസൂരേക്ക് വരാം.."

ഇനി തിരിച്ച് പോക്കെങ്ങിനെ..?
വണ്ടിയിൽ എണ്ണവേണം രാത്രി ..തനിച്ചുള്ള യാത്ര...

ഒരു ചായ കഴിച്ച് കോച്ചുന്ന തണുപ്പിൽ..പള്ളിയുടെ മുന്നിൽ ആലോചിച്ച് നിൽപ്പാണ്..മണി ഒൻപതര...നാട്ടിലെത്തി വണ്ടി ഏർപ്പെടാക്കണം..വീട്ടിൽ വിളിക്കാനും പറ്റിയില്ല..!"

"എടാ.."

ഒരു വിളി എന്നെ ആലോചനയിൽ നിന്നുണർത്തി...നാട്ടുകാരനാണ്..ജയരാജൻ കൊപ്രയുമായി വന്ന ജീപ്പ് കാലിയായി പോകുകയാണ്..

പിന്നൊന്നും ആലോചിച്ചില്ല..വണ്ടി എടുത്ത് പിറകിലിട്ടു..ചുരമിറങ്ങി.
....
*------------------*
ഇന്ന് വീണ്ടും പത്ത് വർഷങ്ങൾക്കിപ്പുറം ഞാൻ ചുരം കയറുകയാണ്...!!!

ഫാമിതാന്റെ കല്യാണമാണ് നാളെ...അവൾ മണവാട്ടിയായി ഒരുങ്ങിയത് കാണാൻ മനസ്സ് തുടിച്ചു....****
-----------------
*നിസാർകതിരൂർ*
-----------------

മുത-അല്ലിം

മുത-അല്ലിം

നാട്ടിലെ ബസ്സ് സ്റ്റൊപ്പിനരികിൽ അവൻ കുറെ നേരം ചിന്തിച്ചു നിന്നു...എങ്ങോട്ട് പോണം..ഏത് ബസ്സിൽ കയറണം..ആലോചന നിമഗ്നനായി
കണ്ണുകൾ വിജനമായ നിരത്തിലേക്ക് പായിച്ചു..

ഏതെങ്കിലും ഒരു പള്ളിയിലെത്തണം...ഇന്നലെയും "ഉറുദി"പറയാൻ പറ്റിയില്ല..മണിപതിനൊന്നായി..ഖതീബിനെ നേരത്തെ പോയി കണ്ടാലേ കാര്യം നടക്കൂ..റമളാനിന്റെ മഹത്വങ്ങളും..നോംബിന്റെ പുണ്യങ്ങളും പ്രതിപാദിക്കുന്ന കുറച്ച് വാക്കുൾ മനസ്സിൽ കുറിച്ചിട്ടു...

രണ്ട് ഹദീസും ഉറുദു കവിതയും മനസ്സിൽ ഉരുവിട്ടു..ഇന്നെന്തായാലും പറയണം...ഇല്ലെന്കിൽ...അവന്‍റെ മുഖത്ത് മ്ലാളനത വിരിഞ്ഞു...

പത്ത് വയസ്സിൽ തന്നെ വീട്ടിലെ മുതിർന്നവന് ഭാരം താങ്ങാവുന്നതിലധികമായിരുന്നു..കുഞ്ഞുപെങ്ങളും ഉമ്മയും അവന്‍റെ മനസ്സിലൂടെ നൊംബരങ്ങലുടെ ചിത്രം വരച്ചു..ഉപ്പയുണ്ടായിരുന്നെ
ന്കിൽ!!.

കുഞ്ഞുമനസ്സിലെ അത്യാഗ്രഹം മാത്രമായി അവശേഷിച്ച ചിന്ത മാത്രമായിരുന്നു അത്...

മൂന്ന് വർഷം മുൻപ് മരിക്കുംപോൾ ഒരു കാര്യമെ പറഞ്ഞുള്ളൂ...
"പഠിക്കണം വല്യ പണ്ഠിതനാകണം..!!!"
ആഗ്രഹങ്ങൾ ഇത്രയും കാലം താലോലിച്ചു..ഇനി എങ്ങിനെയെന്നറിയില്ല..മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് കടംബകളേറെ...!!

തവക്കല്തു അലള്ലാഹ്..
പ്രാരാബ്ദങ്ങളുടെ ഭാണ്ഡമഴിച്ചാൽ പിന്നെ..ഒരുന്മേഷമുണ്ടാവില്ല..
വീട്ടിലെ ഉമ്മ നല്കിയ സാധനങ്ങളുടെ ലിസ്റ്റ്..പൊക്കറ്റിലിരുന്ന് ഓർമ്മപ്പെടുത്തും പോലെ..

ബസ്സിലെ വലത് ഭാഗത്തുള്ള സീറ്റിലിരുന്ന് വഴിയോരത്തെ മരങ്ങളും പീടിക മുറികളും കുതിച്ച് പായുന്നത് കൂതുകത്തോടെ നോക്കിയിരുന്നു...
വലിയ പള്ളി...

മുൻ വശത്തെ ഗെയ്റ്റ് കടന്ന് അംഗശുദ്ധി വരുത്തി  ഇഹ്തികാഫിന്റെ നിയ്യത്ത് വച്ച് ആശയോടെ അകത്തേക്ക് കയറിയെന്കിലും..

കണ്ടകാഴ്ച മനസ്സിന് സന്തോഷമുളവാക്കുന്നതായിരുന്നില്ല..

 തലെകെട്ട് കെട്ടിയ മൂന്ന് പേർ...!!"

പടച്ചോനെ എന്നേക്കാൾ നേരത്തെ എത്തിയോ??

മറ്റൊരിടത്തേക്ക് പൊകാനും പണമില്ല..വിഷണ്ണനായി സുന്നത്ത് നിസ്കരിച്ചു..

സലാം വീട്ടിയപ്പോൾ ഖതീബ് അരികിൽ നില്കുന്നു..
വിഷാദച്ഛായകലർന്ന ഒരു പുഞ്ചിരി സമ്മാനിച്ച് അവൻ തലകുനിച്ചിരുന്നു..

ഉരുകുന്ന മനസ്സോടെ..ആദ്യമായാണ് ഉറുദി പറതാനെത്തുന്നത്..

അത് വരെ സ്വയം പരീശീലനത്തിലായിരുന്നു.

ചിതലരിച്ച കാലുകളുള്ള മേശയിൽ ചാരി നിന്ന് പൊട്ടിപ്പൊളിഞ്ഞ ചുവരുകൾ നോക്കി ദൃഢപ്പെടുത്തിയ പ്രസംഗം!!

കേൾവിക്കാരിയായി അഞ്ച് വയസ്സുള്ള കുഞ്ഞു പെങ്ങൾ...

എന്ത് ചെയ്യും റബ്ബെ....അവന്‍റെ ഹൃദയത്തിൽ വീട്ടിലെ ദാരിദ്ര്യം  വല്ലാത്ത നെരിപ്പോട് തീർത്തു.

"ഇന്നലെം വന്നിരുന്നു അല്ലേ??

അവൻ ചോദ്യം കേട്ട് മുഖമുയർത്തി..
ഖതീബ് അരികിൽ തന്നെയുണ്ട്..

പ്രതീക്ഷയോടെ അവൻ തലകുലുക്കി..

"പ്രസംഗിക്കൻ പറ്റില്ല..എന്തായാലും പിരിഞ്ഞ് കിട്ടുന്നത് വീതിച്ചെടുത്തോ.."
ഖതീബിന്റെ വാക്കുകൾ..!!
അവന് വല്ലാത്ത സന്കടം തോന്നി..

"വേണ്ട..എനിക്കൊന്ന് പ്രസംഗിച്ചാ മതി"

കുറെ നാളത്തെ ആഗ്രഹസഫലീകരണത്തിനായി വെംബുന്ന മനസ്സായത് കൊണ്ടായിരിക്കാം അറിയാതെ അവന്‍റെ കണ്ണുകൾ ഈറനായി...

കതീബ് മുൻ സഫിലിരിക്കുന്ന യുവാവിന്‍റെ അരികിൽ ചെന്ന് എന്തോ പറഞ്ഞു..
അയാൾക്കാണ് ഇന്നത്തെ ഉറുദിക്കുള്ള നറുക്കെന്ന് തോന്നുന്നു..

അയാൾ തിരിഞ്ഞ് നോക്കി...പ്രതീക്ഷയോടെ അവനും..

ഖതീബ് വീണ്ടും അവനരികിൽ വന്ന് സമ്മതമറിയിച്ചു...

നാല് പേർ വീതിച്ചെടുത്താലും..സാരമില്ല തന്റെ ആദ്യ പ്രസംഗം നടക്കണം..അവന് അല്പം ആശ്വാസം കിട്ടി..

ബാന്ക് വിളികഴിഞ്ഞതും..

ഒരാൾ അല്പം ശബ്ദമുയര്‍ത്തി കൊണ്ട് കടന്നു വന്നു.."ഇതെന്താ എല്ലാരും ഇങ്ങോട്ട് തന്നെ..വരുന്നത്..?? "
അവൻ അല്പം ഭയത്തോടെ അയാളെ നോക്കി..

പള്ളി പ്രസിണ്ടാവണം അല്ലാതെ ഇങ്ങിനെ പറയില്ല.. .."അല്ലെ തന്നെ പിരിവ് കൊണ്ട് ആളുകള് വരാണ്ടായി."
അള്ളാഹു അക്ബർ അയാൾ നമസ്കാരത്തിനായി കൈകെട്ടി..!"

അവന്‍റെ മനസ്സിലെവിടെയോ പള്ളി പരിപാലനത്തിന്റ മഹത്വം നിറഞ്ഞ വചനങ്ങൾ തെളിഞ്ഞു വന്നു..അവസാന നാളിന്‍റെ അടയാളങ്ങളിൽ പ്രവാചകൻ (സ)ചൂണ്ടിക്കാണിച്ച ഹദീസും ഓർമ്മവന്നു...

മുത-അല്ലിമിന്റെ ജീവുതാനുഭവങ്ങൾ എത്ര ദുഷ്കരം..എന്നിട്ടും...ലോക രക്ഷിതാവിന്റെ കല്പനകൾ ജനങ്ങളിലെത്തിക്കാനുള്ള
പ്രയാണം...!!

ദാനം ചെയ്യാൻ പിശുക്ക് കാണിക്കുന്ന മഹല്ലുകാരുടെ മുന്നിലേക്ക് അവന്‍റെ ആദ്യ ഉർദി നോംബിന്റെ ക്ഷീണത്തിലും കത്തികയറി...അലി (റ) യുടെ ധാന ധർമ്മത്തിന് പകരം കിട്ടിയ ലാഭത്തിന്‍റെ അനുഭവങ്ങൾ അവൻ ആവേശ പൂർവ്വം വിളിച്ച് പറഞ്ഞു..

മൈക്ക് കിട്ടുമെന്ന്  ആഗ്രഹിച്ചെന്കിലും അത് കമ്മിറ്റിക്കാര് കൊടുക്കൂല്ലത്രെ കാരണം പിടികിട്ടിയില്ല..!!

ചോദ്യം ചെയ്യാൻ പറ്റില്ലല്ലൊ..ഫാനിന്‍റെ കനത്ത ശബ്ദത്തിൽ കുഞ്ഞു ശബ്ദം മുഴുവനായും കേട്ടുവോ എന്നവനുറപ്പില്ല...

പടികളിറങ്ങുംപൊ അവൻ മുഷിഞ്ഞ പത്ത് രൂപ നോട്ടുകളെണ്ണി നോക്കി..
മുന്നൂറ്റി പത്ത് രൂപ!!!

 അസറിന് ഇനി പോകാൻ കഴിയില്ല..വല്ലാത്ത ക്ഷീണം...!"
സാധനങ്ങളുടെ ലിസ്റ്റ്...അവൻ പുറത്തേക്കെടുത്തു...

പള്ളിലെ ഗേറ്റിന് വെളിയിൽ ഒക്കത്തൊരു കുഞ്ഞുമായി..ഒരു മുഷിഞ്ഞ പർദ്ധയണിഞ്ഞ സ്ത്രീ...അവന് നേരെ കൈകൾ നീട്ടി..

ദയനീയത നിഴലിക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ഓർമ്മവന്നത് തന്‍റെ കൊച്ച് പെങ്ങളെ...

പട്ടിണിയാണെന്ന് മുഖത്ത് നിന്ന് വായിച്ചെടുക്കാം...
അവൻ ഒന്നുമോർക്കാതെ മുഴുവനും ആകൈകളിലേക്ക് കൊടുത്തു..അവരുടെ കണ്ണുകൾ ഈറനാകുന്നതും മുഖം വിവർണ്ണമാകുന്നതും..അവനറിഞ്ഞു...

ലിസ്റ്റ് ചുരുട്ടിയെറിഞ്ഞ് അവൻ നിരത്തിലൂടെ മുന്നോട്ട് നടന്നു...

വീട് അവനിൽ ഒരു ദുഃഖ സാഗരം തീർത്തെന്കിലും..ഉമ്മയോട് തന്റെ ദാനത്തെ കുറിച്ച് പറയുംപോൾ...നിറകണ്ണുകളോടെ ചേർത്ത് പിടിച്ച് നെററിയിൽ ഉമ്മ വക്കും അത് മതി..!!

നോംബ് തുറ പള്ളിയിലാണ്..അത്താഴം പതിവ് പൊലെ വെള്ളം മാത്രം....!"

അവന്‍റെ കാലുകൾ വേഗം വീടെത്താൻ ശ്രമിക്കവെ ആരോ പിറകിൽ നിന്നും വിളിച്ചത് പോലെ അവന് തോന്നി..!!

"അസ്സലാമു അലൈക്കും"
വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരാൾ...!!

"മോന്റെ പ്രസംഗം നന്നായിരുന്നു..കുറച്ചൂടെ ഒച്ച വേണമായിരുന്നു.."

അവൻ പുഞ്ചിരിയോടെ തലയാട്ടി..."മോനെന്താ  പണമെല്ലാം ആ സ്ത്രീക്ക് നല്കിയത്.."

അവനൊന്നും പറഞ്ഞില്ല..അള്ളാഹുവിന്റെ പുണ്യം കൊതിച്ചതാണെന്ന് മനസ്സിൽ കരുതി...

"എവിടയാ വീട്"
കരം ഗ്രഹിച്ച് കൊണ്ടുള്ള അയാളുടെ ചൊദ്യത്തിന് അവൻ  ഉത്തരം നല്കി..

"സുബ്ഹാനള്ളാ..പത്ത് കിലൊമിറ്ററ് നടക്ക്യെ.."??
മോൻ നിക്ക് കാറുണ്ട് ..

അയാൾ അരികിൽ പാർക്ക് ചെയ്ത കാറിൽ തണുത്ത കാറ്റേറ്റ് മുൻ സീറ്റിലവനിരുന്നു.."ഗൾഫുകാരനായ ഞാൻ പോലും പത്ത് രൂപയാ പള്ളീല് കൊടുത്തത്.."പക്ഷെ ..മോൻ കിട്ടിയത് മുഴുവനും ദാനം ചെയ്തു."
അയാളുടെ ശബ്ദമിടറിയോ..??

അവൻ മുഖത്തെക്ക് നൊക്കി..

ഹൈപ്പർ മാർക്കറ്റിനരികിൽ അയാൾ വണ്ടിയൊതുക്കി.
"കുറച്ച് സാധനം വാങ്ങാനുണ്ട് മോനെന്തെന്കിലും വെണോ..??"

വേണ്ടെന്ന് ആംഗ്യം കാട്ടി..

പടച്ചവൻ സംബത്ത് നല്കി അനുഹമഗ്രഹിച്ചവർ അവരുടെ ധർമ്മമറിയുന്നുവോ..??

എന്നെ പോലെ ദരിദ്രരെയും പടച്ചത് അള്ള തന്നെ...എല്ലാം പരീകഷ്ണം...!! നിങ്ങൾ തഖ് -വ
യുള്ളവരാകുവാൻ
വേണ്ടി...!"
ഖുർ-ആൻ വചനം അവനോർത്തു...

അയാൾ ഒരു ചാക്ക് അരിയും മറ്റൊരുചാക്കിൽ കുറെ സാധനങ്ങളും പിന്ന് കുറെ പഴവർഗ്ഗങ്ങളും പിൻ സീറ്റിൽ നിറച്ചു..

വീടിന്റെ അരികിലെത്തിയിരിക്കുന്നു...ഇടവഴിയിലെ പൊട്ടിപ്പൊളിഞ്ഞ കൊച്ച് വീട് അവൻ കാണിച്ചു..

അവനിറങ്ങിയതും അയാളും കൂടെ ഇറങ്ങി..അവന്‍റെ കൈയിൽ കുറച്ച് പണമേൽപ്പിച്ച് കാറിലുള്ള സാധനങ്ങൾ എടുക്കുവാൻ ആവശ്യപ്പെട്ടു..
ആശ്ചര്യ ഭരിതനായി..നിൽക്കവെ ഒരു തുണ്ട് കടലാസ് അവന് നേരെ അയാൾ നീട്ടി...ഉമ്മ തന്ന ലിസ്റ്റ്..!!

വീടിന്റെ ഉമ്മറത്ത് തന്റെ ആദ്യത്തെ ഉറുദിയുടെ പ്രതിഫലം ഉമ്മയെ ഏൽപ്പിച്ചു..മൂവായിരം രൂപ!!

*നിസാർ കതിരൂർ*